KeralaTop News

ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, നിറത്തിന്റെ പേരില്‍ അവഹേളനം; ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി

Spread the love

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം.

ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു.

വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.