KeralaTop News

മാലപ്പടക്കം മുതൽ പിച്ചിപ്പൂ മാല വരെ, വിവാദ പുരുഷന്മാർക്ക് സ്വീകരണം ഒരുക്കുന്ന ഓൾ കേരള മെൻസ് അസ്സോസിയേഷൻ

Spread the love

നടി ആക്രമിക്കപ്പെട്ടകേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ മാലയിട്ട് ആനയിച്ചു. കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ മാല ഇട്ടു സ്വീകരിച്ചു. അവാർഡിന് പെൺപ്രതിമ വിഷയത്തിൽ നടൻ അലസിയറിനു പിന്തുണ. ഫെമിനിസ്റ്റുകൾക്ക് നല്ല മനസ്‌ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച സംഘടന. ഇപ്പോഴിതാ ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി പുറത്തെത്തിയ ബോബി ചെമ്മണൂരിന് പിച്ചിപ്പൂ മാലയിട്ട് സ്വീകരണം. ഒരു കാലത്ത് പലരും ഗൗരവത്തിൽ എടുക്കാതെ ട്രോള് ആയി തള്ളിയിരുന്ന ഓൾ കേരള മെൻസ് അസ്സോസിയേഷൻ ഇന്ന് നമ്മുടെ വാർത്താ പകലുകളിൽ നിറഞ്ഞു നിൽക്കുകയാണ്.

പുരുഷൻമാർക്ക് വേണ്ടി രൂപം കൊടുത്തിട്ടുള്ളതാണ് ഈ സംഘടന. നാടെങ്ങും സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനും വേണ്ടി മുറവിളി ഉയരുമ്പോൾ പുരുഷന് അർഹമായ സാമാന്യ നീതി പോലും നിഷേധിക്കപ്പെടുന്നു. പുരുഷ സമൂഹത്തിൻ്റെ സ്വയം പ്രതിരോധമാണ് നമ്മുടെ ലക്ഷ്യം – സംഘടനയുടെ ഫേസ്ബുക്ക് പേജിൽ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. വട്ടിയൂർക്കാവ് അജിത്കുമാറാണ് ഓൾ കേരള മെൻസ് അസ്സോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്റ്. പതിമൂവായിരത്തോളം ഫോള്ളോവെർസാണ് നിലവിൽ സംഘടനയുടെ ഫേസ്ബുക്ക് പേജിന് ഉള്ളത്.

പുരുഷന്മാർക്കും തുല്യ നീതി നടപ്പാക്കണം എന്ന ആവശ്യത്തിൽ രൂപീകൃതമായ സംഘടനയ്ക്ക് വിവാദങ്ങൾ പുത്തരിയല്ല.

പൾസർ സുനിയ്ക്ക് മാലയിട്ട് സ്വീകരണം

ഏഴര വർഷത്തിന് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസ്സോസിയേഷൻ സ്വീകരിച്ചത് പൂവിതറിയും, മൂദ്രാവാക്യം വിളിച്ചുമായിരുന്നു. സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായി അയാളെ സബ് ജയിലിൽ പാർപ്പിച്ചത് കൊണ്ടാണ്. ആരോപണത്തിന്റെ പേരിൽ ഏഴര വർഷമാണ് റിമാന്റ് പ്രതിയായി സബ് ജയിലിൽ കിടന്നത് അയാൾ കൊലപാതകം ഒന്നും ചെയ്തിട്ടില്ലലോ എന്നായിരുന്നു സംഘടനയുടെ ന്യായീകരണം.

നഗ്നതാ പ്രദർശനം നടത്തിയ സവാദിന് പൂമാല

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഓൾ കേരള മെൻസ് അസ്സോസിയേഷൻ പ്രവർത്തകർ പൂമാലയണിച്ചായിരുന്നു സ്വീകരിച്ചത്. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല.യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം.സവാദിന് നീതി ലഭിക്കുംവരെ പോരാടുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

അലൻസിയറും ഭരതമുനി പ്രതിമയും

സംസ്ഥാന ചലച്ചിത്ര പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന നടൻ അലൻസിയറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലന്സിയറിനെ അനുകൂലിച്ചുകൊണ്ട് കേരള മെൻസ് അസ്സോസിയേഷൻ എത്തുന്നത്. സ്ത്രീ പ്രതിമയ്ക്ക് പകരം, നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം നൽകും. ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നൽകുമെന്നും സംഘടനയുടെ പ്രസിഡന്റ്റ് അജിത് കുമാർ പറഞ്ഞു.

ഗ്രീഷ്മയുടെ കോലം കത്തിച്ച ഓൾ കേരള മെൻസ് അസ്സോസിയേഷൻ

പാറശാല ഷാരോൺ കൊലക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി സംഘടനാ രംഗത്തെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വേളയിൽ പുരുഷനെ കൊന്നു തള്ളിയിട്ട് ഒരു സ്ത്രീയും ഇനി പുറത്തു ഇറങ്ങി വിലസണ്ട എന്ന് പറഞ്ഞായിരുന്നു ഈ പുരുഷന്മാരുടെ സംഘടനയുടെ പ്രതിഷേധം. അന്ന് സെക്രട്ടേറിയറ്റിനു മുന്നിൽവെച്ചായിരുന്നു ഗ്രീഷ്മയുടെയും, ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചത്.

ബോബി ചെമ്മണൂരിനായി ജയ് വിളി

നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തേക്ക് വരുമ്പോൾ പടക്കം പൊട്ടിച്ചും പ്ളക്കാർഡുകളും പൂച്ചെണ്ടുകളുമേന്തി സ്വീകരിക്കാനായിരുന്നു സംഘടന ശ്രമിച്ചത്. ബോബി ചെമ്മണ്ണൂർ കോടീശ്വരൻ ആണെങ്കിലും അദ്ദേഹം സാധാരണക്കാരൻ ആണെന്നും ഹണി റോസിന്റേത് വ്യാജ പരാതിയെന്നും ഇതൊരു വ്യാജപരാതിയാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബോബിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു സംഘടനയുടെ വാദം.