മകരസംക്രാന്തി, പൊങ്കൽ; ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി
2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മറ്റു ദിവസങ്ങളിലെ പരീക്ഷ തിയ്യതികളിൽ മാറ്റമുണ്ടാകില്ല. ജനുവരി 15ലെ പരീക്ഷ മറ്റൊരു ദിവസം നടക്കുമെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക.
ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷകളാണ് മാറ്റിവെച്ചത്.
ജനുവരി മൂന്ന് മുതൽ 16വരെയാണ് വിവിധ വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. നേരത്തെ ജനുവരി ഒന്ന് മുതൽ 19വരെ നടത്താനിരുന്ന പരീക്ഷയാണ് ജനുവരി മൂന്ന് മുതൽ 16വരെയായി പുനക്രമീകരിച്ചത്.