ഖേദപ്രകടനം പരസ്യമാക്കിയില്ലെന്ന് ലീഗ് ‘; സമവായ ചര്‍ച്ച പൊളിഞ്ഞു
ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധരും തമ്മില്‍ നടന്ന സമവായ ചര്‍ച്ച പൊളിഞ്ഞു. ചര്‍ച്ചയ്ക്ക് എത്തിയ സമസ്ത നേതാക്കളുടെ പ്രതികരണം നീതി പുലര്‍ത്തിയില്ലെന്ന് സാദിക് അലി തങ്ങള്‍ വ്യക്തമാക്കി. തങ്ങളോട് ഖേദം പ്രകടിപ്പിച്ചെന്നും, ഇത് മറച്ചു വെച്ചത് ചര്‍ച്ചയുടെ അന്തസത്ത പുലര്‍ത്തുന്നതല്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതൃപ്തി ലീഗ് നേതൃത്വം സമസ്ത അധ്യക്ഷനെ നേരിട്ടറിയിച്ചു.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ ലീഗ് നേതൃത്വവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍ നടത്തിയ ചര്‍ച്ചയാണ് പാളിയത്. ലീഗ് നേതൃത്വം ലീഗ് വിരുദ്ധര്‍ക്ക് എതിരെ ആഞ്ഞടിക്കുകയായിരുന്നു. ലീഗ് വിരുദ്ധര്‍ നടത്തിയ പ്രതികരണം താനുമായി നടത്തിയ ചര്‍ച്ചയുടെ
അന്തസത്ത പുലര്‍ത്തുന്നതായിരുന്നില്ല എന്ന് പാണക്കാട് സാദിക് അലി തങ്ങള്‍ വിമര്‍ശിച്ചു. പാണക്കാട് തങ്ങളോട് ചര്‍ച്ചക്ക് എത്തിയ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചത് മാധ്യമങ്ങളോട് പറയണം എന്നതായിരുന്നു ധാരണ. എന്നാല്‍ ഖേദ പ്രകടനം ഉണ്ടായിട്ടില്ല എന്നായിരുന്നു ഇന്നലെ സമസ്ത നേതാക്കള്‍ പറഞ്ഞത്. ഇത് ധാരണ ലംഘനം ആണെന്ന് പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. പ്രതിഷേധം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
23 ന് വീണ്ടും സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ഈ ചര്‍ച്ച ഇനി വേണോ എന്ന് ആലോചിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന സമവായ ചര്‍ച്ച പോലും സമസ്തയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.