മഹാകുംഭമേളയിൽ അമൃതസ്നാനം, 13 അഖാരകളും ത്രിവേണി സംഗമഭൂമിയിൽ; രാവിലെ സ്നാനം നടത്തിയത് 1.38 കോടി ഭക്തർ
മഹാ കുംഭമേള രണ്ടാം ദിനത്തിൽ ഭക്തജനപ്രവാഹം. രാവിലെ 10 മണി വരെ സ്നാനം നടത്തിയത് 1.38 കോടി ഭക്തർ. അമൃത സ്നാനം ആരംഭിച്ചത് രാവിലെ 6. 15നാണ്. മകരസംക്രാന്തി ദിനമായ ഇന്ന് അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ സ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ സ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരികൾ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള.
ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേളയുടെ ആദ്യ ദിനമായ ഇന്നലെ പ്രയാഗ്‌രാജിലെത്തിയത് 1.50 കോടി വിശ്വാസികൾ. സ്നാനത്തിൽ പങ്കെടുത്ത എല്ലാ ഭക്തർക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.
ആദ്യ ദിനത്തിലെ ഭക്തരുടെ കണക്കും മുഖ്യമന്ത്രി പങ്കുവച്ചു.ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മഹാത്സവമാണ് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള. ഇത്തവണ 45 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.