KeralaTop News

സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി

Spread the love

ദ്വയാർഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവർത്തിച്ചാൽ ജാമ്യം റദ്ദ് ചെയ്യും.

പ്രഥമദൃഷ്ടിയാൽ ബോബി ചെമ്മണ്ണൂർ ചെയ്ത കുറ്റം നിലനിൽക്കും എന്ന് ഉത്തരവിൽ പറയുന്നു. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന പരാമർശവും കോടതി നടത്തി. സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നവർ സ്വയം വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി. വ്യക്തിയുടെ ശരീരത്തെ കുറിച്ചുള്ള പ്രസ്താവനകൾ ഒഴിവാക്കണം. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ. ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം. എന്നാൽ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് ഇന്ന് രാവിലെ പരിഗണിച്ച ഘട്ടത്തിൽ ബോബിക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. ബോബി ചെമ്മണ്ണൂർ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ആവർത്തിക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാൾ എന്തിനാണ് ഇത്തരം പരാമർശങ്ങൾ ആവർത്തിക്കുന്നതെന്ന് കോടതി ചോദിക്കുകയും ചെയ്തു. ബോബി ചെമ്മണ്ണൂർ ദ്വയാർഥമുള്ള തരം പരാമർശങ്ങൾ നടത്തുന്നതും ഫലിതമെന്ന മട്ടിൽ ലൈംഗിക ചുവയുള്ള കമന്റുകൾ പറയുന്നതുമായ വിഡിയോകൾ കോടതി പരിശോധിച്ചിട്ടുണ്ട്. പരാതിക്ക് ആസ്പദമായ പരിപാടിയിൽ വെച്ച് ബോബി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി വാദത്തിനിടെ നിരീക്ഷിച്ചു.

ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ബോബിയ്ക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റിടുന്നവർക്ക് പ്രോത്സാഹനമാകുമെന്നുമാണ് പ്രോസിക്യൂഷൻ സൂചിപ്പിച്ചത്. ആർക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളിൽ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.