Monday, January 13, 2025
Latest:
NationalTop News

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി

Spread the love

ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അഥവാ ‘കമല’ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തി. ലോറീൻ ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ക്യാമ്പിലെത്തിയത്.

മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവർ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും അവർ സ്വീകരിച്ചു.

ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കാണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.

61-കാരിയായ ലോറീൻ മൂന്നാഴ്ച ഉത്തർപ്രദേശിലുണ്ടാകും. കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും ഗംഗയിൽ സ്നാനം ചെയ്യും.

തറയിൽ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ മറ്റ് തീർത്ഥാടകർ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവർ​ഗങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.

മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്‌രാജിൽ സമാപിക്കും. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സർക്കാർ വിപുലമായ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.