‘നിലമ്പൂരില്‍ മത്സരിക്കില്ല, യുഡിഎഫിന് പിന്തുണ; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി അന്‍വര്‍
നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് വെളിപ്പെടുത്തല്‍. ഈ സര്‍ക്കാരിന്റെ അവസാനത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള അവസാനത്തെ ആണിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മലയോര മേഖലയില്‍ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം യുഡിഎഫിനോട് അഭ്യര്‍ത്ഥിച്ചു. മലപ്പുറം DCC പ്രസിഡന്റ വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് അന്‍വര്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ പിന്തുണ നല്‍കി പൊതു സമൂഹത്തോട് നന്ദി പറഞ്ഞാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും നിയമസഭയില്‍ ആദ്യമായി എത്തിച്ചേരാന്‍ പിന്തുണ നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ ഇമെയില്‍ വഴി രാജി സമര്‍പ്പിച്ചിരുന്നു. രാജി ഉദ്ദേശത്തിലല്ല കൊല്‍ക്കത്തയിലേക്ക് പോയത്. കല്‍ക്കത്തയില്‍ പോവുകയും പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കുകയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പ്രധാനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വിഷയമായ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു. വിഷയത്തില്‍ ശക്തമായ നിലപാട് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി സഹകരിച്ചു പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യമുന്നണി നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യ മുന്നണി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും അവര്‍ പറഞ്ഞു. 1972ലെ ആനിമല്‍ പ്രൊട്ടക്ഷന്‍ ആക്റ്റില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ തയാറാണെന്നും അവര്‍ അറിയിച്ചു – മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് അന്‍വര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോ- ഓര്‍ഡിനേറ്റര്‍ ആയി നില്‍ക്കാം എന്നാണ് കരുതിയതെന്നും എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ മമത നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി. മലയോര ജനതക്ക് വേണ്ടി MLA സ്ഥാനം സമര്‍പ്പിക്കാനാണ് പറഞ്ഞതെന്നും അന്‍വര്‍ വ്യക്തമാക്കി.
താന്‍ തുടങ്ങി വച്ച പോരാട്ടം ഒന്നാം ഘട്ടത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് പി ശശി എന്നിവരില്‍ ഒതുങ്ങി നിന്നായിരുന്നു എന്ന് അന്‍വര്‍ പറഞ്ഞു. ആരോപണം ഉന്നയിക്കാനുള്ള കാരണം രണ്ട് സാഹചര്യങ്ങളായിരുന്നു. ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രമിനലുകളാക്കുന്ന ഒരു നിലപാടാണ് സുജിത് ദാസ് സ്വീകരിച്ചിരുന്നത്. ഉത്തരവാദിത്തപ്പെട്ടവരെ നിരവധി തവണ ബോധിപ്പിച്ചിരുന്നത്. ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടി ഉന്നത നേതാക്കളുടെയും നിര്‍ദ്ദേശ പ്രകാരമാണ് പൊലീസിന് എതിരായ വിമര്‍ശനം ഉന്നയിച്ചത്. ശശിയെയും അജിത് കുമാറിനെയും നിര്‍ത്തി മുന്നോട്ട് പോയാല്‍ ഇനി കേരളത്തില്‍ പാര്‍ട്ടിയുണ്ടാകില്ല അന്‍വറേ, ഞങ്ങള്‍ക്ക് അത് നന്നായി അറിയാം എന്ന് നേതാക്കള്‍ പറഞ്ഞു. ഒരുഘട്ടം വന്നപ്പോള്‍ ഈ നേതാക്കള്‍ പോലും പിന്‍മാറി. അത് മുഖ്യമന്ത്രിയിലേക്ക് ഞാന്‍ നീങ്ങിയപ്പോഴാണ് – അന്‍വര്‍ വിശദമാക്കി.
മുഖ്യമന്ത്രിയെ ഒരിക്കലും ആദ്യഘട്ടത്തില്‍ ഇതിലേക്ക് ചേര്‍ത്ത് പറഞ്ഞിരുന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു. അദ്ദേഹം തന്നെ തള്ളിപ്പറയുന്നത് വരെ പി ശശിയുടെയും അജിത് കുമാറിന്റെയും കോക്കസിനകത്ത് മുഖ്യമന്ത്രി കുടുങ്ങിക്കിടക്കുകയാണ്, അദ്ദേഹം വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തും എന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്ന് അന്‍വര്‍ വ്യക്തമാക്കി. പക്ഷേ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തള്ളിപ്പറയുകയും താനാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്ന വരുത്തിത്തീര്‍ക്കും വിധം പ്രസ്താവന നടത്തുകയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നടത്തിയ പരാമര്‍ശം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വരെ പറയുകയും ചെയ്തുവെന്ന് അന്‍വര്‍ പറഞ്ഞു. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം എടുത്തു പറഞ്ഞ അന്‍വര്‍ പിന്നീട് താന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് എന്ന് വ്യക്തമായതെന്ന് വിശദീകരിച്ചു.
താന്‍ വലിയ പാപ ഭാരങ്ങള്‍ ചുമക്കുന്നയാളെന്ന് അന്‍വര്‍ പറഞ്ഞു. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അന്‍വര്‍ വെളിപ്പെടുത്തി. എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തില്‍ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാന്‍ തയാറായതെന്നും അര്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് ഉന്നയിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് പറഞ്ഞത്. തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നു. പ്രതിപക്ഷനേതാവിന് ഉണ്ടായ മാനഹാനിയില്‍ മാപ്പ് ചോദിക്കുന്നു. ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – അന്‍വര്‍ വ്യക്തമാക്കി.