Monday, January 13, 2025
Latest:
KeralaTop News

ഹണി റോസിന്‍റെ പരാതി; അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

Spread the love

നടി ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി.
അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.

എറണാകുളം സെന്‍ട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം.

ഇതിനിടെ ഹണി റോസ് അബലയല്ലെന്നും ശക്തയാണെന്നും രാഹുൽ ഈശ്വർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഭരണഘടന നൽകുന്ന അവകാശത്തിലാണ് താൻ വിമർശനം നടത്തിയതെന്നും പുരുഷൻമാർക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോൾ നടത്തുന്ന വാർത്താസമ്മേളനമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.