മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് പിന്മാറി ജി.സുധാകരൻ; അദ്ദേഹത്തെ ആർക്കും ഒതുക്കാനാവില്ലെന്ന് ചെന്നിത്തല
ആലപ്പുഴയിൽ മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി.സുധാകരൻ ഒഴിവായി. എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു. മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് എത്താമെന്ന് അറിയിച്ചെങ്കിലും ജി സുധാകരൻ വിട്ടുനിന്നത്.
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള സെമിനാറിലേക്കാണ് ജി സുധാകരനെ ക്ഷണിച്ചിരുന്നത്. ജി സുധാകരൻ എത്തുമെന്ന് ഉറപ്പു നൽകിയതോടെ നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു.
തിങ്കളാഴ്ച ദിവസം 3.30 നായിരുന്ന പരിപാടി. രമേശ് ചെന്നിത്തല ഉദ്ഘാടനകനും. എന്നാൽ പരിപാടികൾക്ക് കൃത്യസമയം പാലിക്കുന്ന ജി സുധാകരൻ പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ പറഞ്ഞു.
ജി.സുധാകരൻ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇവിടെയുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഒപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം പാർട്ടിയുടെ പരിപാടിക്ക് വിളിക്കുകയുമില്ല,മറ്റ് പരിപാടിക്ക് വിളിച്ചാൽ പോകാൻ അനുവദിക്കുകയുമില്ല.ജി സുധാകരനെ ആർക്കും ഒതുക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.