ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ടീം ഇന്ത്യ സജ്ജം; സഞ്ജുവും ഷമിയും ടീമില്‍, പന്ത് പുറത്ത്
ഇംഗ്ലണ്ടിനെതിരായുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിമര്‍ശകരുടെ വായടപ്പിച്ച് പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ ഹൈലൈറ്റ്. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ടീമിലിടം കണ്ടെത്താനാകാതെ വിട്ടുനില്‍ക്കുകയായിരുന്നു ഷമി. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓപ്പണറായി ആയിരിക്കും താരം ഇറങ്ങുക. വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ്മക്ക് പകരം ധ്രുവ് ജുറല്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഓള്‍റൗണ്ടര്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയും ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ടിട്ടുണ്ട്. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, റിങ്കു സിങ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പമ്പരയിലെ ആദ്യമാച്ച് ജനുവരി 22നാണ്. കൊല്‍ക്കത്ത, ചെന്നൈ, രാജ്കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.
ടീം ഇന്ത്യ
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍).