ചരിത്രം കുറിക്കാൻ ഐഎസ്ആര്‍ഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ, സ്പേസ് ഡോക്കിങ് ഉടൻ
ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ഉടൻ ആരംഭിക്കും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ 15 മീറ്റർ അകലത്തിലാണിപ്പോള്‍.
ഇത് ഉടൻ തന്നെ പത്ത് മീറ്ററിലേക്ക് കൊണ്ടുവരും. ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ 15 മീറ്ററര്‍ അകലത്തിലേക്ക് ഉപഗ്രഹങ്ങളെ വിജയകരമായി എത്തിക്കാനായി. 230 മീറ്റർ അകലത്തിലുള്ള ഉപഗ്രഹങ്ങളെ മുപ്പത് മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് ദൂരപരിധി കുറച്ചുകൊണ്ടുവന്നത്. 15 മീറ്റര്‍ അകലത്തിൽ എത്തിയശേഷം ഉപഗ്രഹങ്ങള്‍ തമ്മിൽ ആശയവിനിമയവും നടത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിൽ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.