NationalTop News

സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും; ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ

Spread the love

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ISRO അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്‍ത്തിയാക്കും.
ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.

ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ISRO നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം.
20 കിലോമീറ്ററില്‍ നിന്ന് 500 മീറ്ററായി മാറിയ ചേസര്‍ 250 മീറ്ററായി ചുരുക്കാന്‍ സാധിക്കാതെ വരികയും, ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് കഴിഞ്ഞ തവണ പ്രതിസന്ധി സൃഷ്ടിച്ചത്. അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്.