SportsTop News

‘രോഹിത് വിരമിക്കാന്‍ തിരീമാനിച്ചു, അന്ന് പിന്തിരിപ്പിച്ചത് സുഹൃത്തുക്കള്‍’; ചാംപ്യന്‍സ് ട്രോഫി അവസാനത്തേത്?

Spread the love

മുംബൈ: മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ രോഹിത് ശര്‍മ വിരമിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. രോഹിതിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് രോഹിതിനെ പിന്തിരിപ്പിച്ചത്. ഒപ്പണറായി എത്തിയിട്ടും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെയാണ് താരം വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ മോശം ഫോമിനെ തുടര്‍ന്ന് രോഹിത് കളിച്ചിരുന്നില്ല. എന്നാല്‍ ഇത് ടെസ്റ്റില്‍ നിന്നുള്ള തന്റെ വിരമിക്കലല്ല എന്ന് രോഹിത് പിന്നീട് പ്രതികരിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയാണ് രോഹിതിന് മുന്നിലുള്ള അടുത്ത വലിയ ടൂര്‍ണമെന്റ്.

രോഹിത് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റും ചാംപ്യന്‍സ് ട്രോഫി ആയേക്കാം. ഇക്കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വി വിലയിരുത്താന്‍ ബിസിസിഐ മുംബൈയില്‍ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗത്തില്‍ രോഹിത്തിന്റെ ഭാവിയെ കുറിച്ച് ഏകദേശ തീരുമാനമായിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി വരെ രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായി. അടുത്ത ക്യാപ്റ്റനായി ബുമ്രയെ നിയമിക്കും. ടെസ്റ്റിലും ഏകദിനത്തിലും ബുമ്രയായിരിക്കും ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുമ്രയായിരിക്കും.

വിരാട് കോലിക്ക് ഇനിയും സമയം നല്‍കാന്‍ തീരുമാനമായി. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം താരത്തിന് നിര്‍ണായകമാവും. ഇരുവരും ടി20യില്‍ നേരത്തെ വിരമിച്ചിരുന്നും. കൂടെ രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപനമുണ്ടായി. ജഡേജയ്ക്ക് ഇനിയൊരു അവസരം ലഭിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധ്യയില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അത്ര മികച്ച പ്രകടനമൊന്നും താരത്തില്‍ നിന്നുണ്ടായതുമില്ല. ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്നു വിവരം.
അടുത്തിടെ ജഡേജ അവസാനം ഇന്ത്യക്ക് വേണ്ടി കളിച്ച ജേഴ്‌സിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സിഡ്‌നി ടെസ്റ്റിലെ ഇന്ത്യന്‍ ജേഴ്‌സിയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ജഡ്ഡു തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ വിലയിരുത്തല്‍.