സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം; പതിനഞ്ച് പേർക്ക് പരുക്കേറ്റു
സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് നാല് മരണം. തൃശൂർ ഒല്ലൂരിൽ കെഎസ്ആർടിസി ബസിച്ചിടിച്ച് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചു. കോട്ടയത്ത് വ്യത്യസ്ത അപകടങ്ങളിൽ വീട്ടമ്മയ്ക്കും യുവാവിനും ജീവൻ നഷ്ടമായി. അപകടങ്ങളിൽ പതിനഞ്ച് പേർക്ക് പരുക്കേറ്റു. തൃശ്ശൂർ ഒല്ലൂർ ചീരാച്ചിയിൽ കെഎസ്ആർടിസി ബസിടിച്ചാണ് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചത്.
ചിയാരം വാകയിൽ റോഡ് സ്വദേശികളായ പൊറാട്ടുകര വീട്ടിൽ ദേവസിയുടെ ഭാര്യ എൽസി, പൊറാട്ടുകര വീട്ടിൽ റാഫേലിന്റെ ഭാര്യ മേരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. കുർബാനയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയും ഈരാറ്റുപേട്ടയിൽ കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവും മരിച്ചു. കാക്കനാട് ഇൻഫോപാർക്ക് സ്വദേശി എൽസി മാത്യുവും കൊണ്ടൂർ സ്വദേശി അബ്ദുൽഖാദറുമാണ് മരിച്ചത്. കണ്ണൂർ ചെറുപുഴയിൽ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ, ബസ് ഇടിച്ച് തെറിപ്പിച്ചു. സൺഡേ സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആറ് കുട്ടികൾ ഉൾപ്പടെ 11 പേർക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവർ മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ട്രാവലർ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.