KeralaTop News

‘5 വർഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്’, വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ എസ്ഐടി വേണം: സതീശൻ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിലെ പീഡനക്കേസ് അന്വേഷണത്തിന് വനിത ഐ പി സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

പത്തനംതിട്ടയില്‍ കായിക താരമായ ദളിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടത്. ഇതിനായി വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണം. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം.

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പി.ടി.എ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്പുകളും ഉറപ്പാക്കണം. നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നത്.