KeralaTop News

മകരവിളക്ക് ദര്‍ശനത്തിന് ശബരിമല അയ്യപ്പസന്നിധി ഒരുങ്ങി; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെടും

Spread the love

ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനത്തിന് ശബരിമല അയ്യപ്പസന്നിധി ഒരുങ്ങി. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും.

മകര സംക്രമ പൂജയ്ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കുമായി ദേവനേയും ശ്രീലകവും ഒരുക്കുന്ന ശുദ്ധീക്രീയകള്‍ ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തില്‍ പ്രസാദ ശുദ്ധി ക്രിയകള്‍ നടക്കുക. നാളെ ബിംബശുദ്ധി ക്രിയകളും നടക്കും.

തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പമ്പയില്‍ ഇന്ന് മുതല്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വെര്‍ച്വല്‍ ക്യൂ ഇന്ന് എഴുപതിനായിരത്തില്‍ നിന്നും അറുപതിനായിരം ആയി കുറച്ചിട്ടുണ്ട്. അയ്യായിരം പേര്‍ക്കായിരിക്കും സ്‌പോട്ട് ബുക്കിംഗ്. കഴിഞ്ഞ ദിവസങ്ങില്‍ ദര്‍ശനം നടത്തിയ ഒരു ലക്ഷത്തോളം പേര്‍ സന്നിധാനത്ത് വിരി വെച്ച് കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. അതേസമയം, മകരവിളക്ക് ഉത്സവ കാലത്തെ ഏറ്റവും കുറവ് തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു.