KeralaTop News

രാഹുല്‍ ഈശ്വറിനെതിരായ ഹണി റോസിന്റെ പരാതിയില്‍ നടപടി ഊര്‍ജ്ജിതമാക്കി പൊലീസ്; മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് രാഹുല്‍

Spread the love

നടി ഹണി റോസിന്റെ പരാതിയില്‍ നടപടി ഊര്‍ജ്ജിതമാക്കി പൊലീസ്. രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണ് രാഹുല്‍ ഈശ്വരനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി ഹണി റോസ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയിട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ഇന്നലെ പറഞ്ഞിരുന്നു. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.