ലോസ് ഏഞ്ചൽസ് കാട്ടുതീ; മരണം പതിനാറായി
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്സ് ഫയർ സോണിൽ നിന്നും പതിനൊന്നുപേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് പാലിസേഡിൽ കാട്ടുതീയാരംഭിച്ചത്, ശക്തമായ കാറ്റുവീശിയതാണ് തീ വേഗത്തിൽ പടരുന്നതിനും വലിയ ദുരന്തമായി മാറുന്നതിനും കാരണമായത്. വരും ദിവസങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പുകൾ . പ്രദേശത്ത് ഇപ്പോഴും തീ പടർന്നുകൊണ്ടിരിക്കുകയാണ്. കാലിഫോർണിയയുടെ അയൽപ്രദേശങ്ങളായ ബ്രെൻ്റ്‌വുഡ്, ബെൽ എയർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ് . തീപിടുത്തത്തിൽ ഏകദേശം 12,000 കെട്ടിടങ്ങൾ നശിക്കുകയും, 426 പേർക്ക് വീട് നഷ്ടമാവുകയും ,നിരവധി ആളുകൾക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.
പാലിസേഡിൽ 22,600 ഏക്കറിലാണ് തീ പടർന്നു പിടിച്ചത്. ഇതിൽ 11 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ഈറ്റൺ മേഖലയിലെ തീ 15 ശതമാനത്തോളം അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകാശമാർഗവും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് . കാറ്റ് കൂടുതൽ ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയും വ്യാപനം കൂടാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽപെട്ട മൃഗങ്ങളെ പരിപാലിക്കാനും,ഒറ്റപെട്ടുപോയവരെ സംരക്ഷിക്കാനും മൃഗഡോക്ടർമാരും റെസ്ക്യൂ ഓർഗനൈസേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും അതിനൊരു വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കാനഡയും ,മെക്സിക്കോയും , കാലിഫോർണിയയിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട് .