മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാൻ 3 നാളുകൾ കൂടി
മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. മകരജ്യോതി തെളിയാൻ ഇനി 3 നാളുകൾ കൂടി. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.
മകരവിളക്ക് സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് DGP ഷെയ്ക് ദർവേഷ് സാഹിബ് ഐപിഎസ് പറഞ്ഞു. NDRF, സേനംഗങ്ങളും സുരക്ഷ ഒരുക്കും. നാളെ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തും.
മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർക്ക് മടങ്ങാൻ പ്രത്യേക സംവിധനം. നിലവിൽ ഒരു ലക്ഷം പേർ വിരി വെച്ച് സന്നിധാനത്ത് തങ്ങുന്നു. ഓരോ സ്ഥലത്തും ഉൾക്കൊള്ളാവുന്നവരുടെ എണ്ണം തയ്യാറാക്കി. സന്നിധാനത്ത് ഉൾപ്പെടെ 10 വ്യൂ പോയിൻ്റുകൾ.
അനധികൃതമായി വ്യൂ പോയിൻ്റുകൾ ഉണ്ടാക്കി ആളുകളെ കൊണ്ടു പോയാൽ നടപടിയെടുക്കും. മകരവിളക്ക് കാണാൻ അനധികൃതമായി വനത്തിൽ കയറിയാൽ കർശന നടപടിയെന്നും ഡിജിപി അറിയിച്ചു.
ഇന്ന് മുതൽ 14 വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും. അതിനാൽ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന.