SportsTop News

ഹിന്ദി അറിയാമോ? ആര്‍ അശ്വിന്റെ ചോദ്യത്തില്‍ നിശബ്ദമായി സദസ്സ്; വിവാദ പരാമര്‍ശമെന്ന് ബിജെപി

Spread the love

തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രവിചന്ദ്ര അശ്വിന്‍ നടത്തിയ ഹിന്ദിയെ കുറിച്ചുള്ള പരാമര്‍ശം തമിഴ്‌നാട്ടില്‍ വീണ്ടും ഭാഷചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. സദസ്സില്‍ തമിഴും ഇംഗ്ലീഷും അറിയാവുന്നവരുടെ കണക്കെടുത്ത താരം എത്ര പേര്‍ക്ക് ഹിന്ദി അറിയാമെന്നും ചോദിക്കുന്നുണ്ട്. ഹിന്ദി അറിയുന്നവര്‍ ഇല്ലെന്ന് കണ്ടപ്പോള്‍ അശ്വിന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളും മറ്റു ചില സംഘടനകളും വിവാദമാക്കിയിരിക്കുന്നു. ”ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല…ഔദ്യോഗിക ഭാഷ മാത്രമാണ്”. ഇതായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റര്‍ സദസ്സിനോടായി പറഞ്ഞത്. ഇംഗ്ലീഷ് അറിയുന്നവരും തമിഴ് ഭാഷ അറിയുന്നവരും സദസ്സിലും വേദിയിലും ഉണ്ടായിരുന്നെങ്കിലും ഹിന്ദി അറിയാമോ എന്ന അശ്വിന്റെ ചോദ്യത്തിന് നിശബ്ദതയായിരുന്നു ഉത്തരം. അശ്വിന്റെ പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരെ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍. അശ്വിന്റെ കൂടി പ്രതികരണമെത്തുന്നത്. അടുത്തിടെ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് താരം കായിക പ്രേമികളെയും ഞെട്ടിച്ചിരുന്നു.