Tuesday, April 22, 2025
Latest:
KeralaTop News

രൂപസാദൃശ്യമില്ലെന്ന് വിമർശനം; സി.പി.ഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു

Spread the love

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്.

ഡിസംബർ 27നാണ് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. എം.എൻെറ നാമധേയത്തിലുളള ആസ്ഥാന മന്ദിരത്തിനകത്ത് ഉണ്ടായിരുന്ന പ്രതിമ മാറ്റിയാണ്. ആധുനികവൽക്കരിച്ച കെട്ടിടത്തിൻെറ പ്രൌഢിക്കൊത്ത
പുതിയ പ്രതിമ സ്ഥാപിച്ചത്. എന്നാൽ പുതിയ പ്രതിമയ്ക്ക് എം.എൻ ഗോവിന്ദൻ നായരോട് ഒരു രൂപസാദൃശ്യവും ഉണ്ടായിരുന്നില്ല. പ്രതിമ കണ്ടവർ കണ്ടവർ ഇക്കാര്യത്തിലുളള വിമർശനങ്ങളുമായി നേതൃത്വത്തെ സമീപിച്ചു.

ഉദ്ഘാടനത്തിന് ശേഷം പാർട്ടി കമ്മിറ്റികൾ ചേരാത്തതിനാൽ ഘടകങ്ങളിൽ ഒന്നും വിമർശനം വന്നില്ലെന്ന് മാത്രം. ആദ്യമൊക്കെ തോന്നലാണെന്ന് പറഞ്ഞ് വിമർശനങ്ങളെ പ്രതിരോധിച്ച് നോക്കിയെങ്കിലും പിന്നെ പിന്നെ നേതൃത്വത്തിനും കഴമ്പുണ്ടെന്ന് ബോധ്യമായി.അതോടെ പുതിയ പ്രതിമ മാറ്റി പഴയ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇന്നലെ തീരുമാനം നടപ്പിലാക്കി.ഇതോടെ എം.എൻെറ ചിരിക്കുന്ന മുഖത്തോടെ ഉളള ആ പഴയ പ്രതിമ വീണ്ടും സി.പി.ഐ ആസ്ഥാനത്ത് സ്ഥാനം പിടിച്ചു.

പുതിയവ വരുമ്പോൾ പഴയതെല്ലാം ചരിത്രത്തിൻെറ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകയാണ് പതിവ്. രൂപത്തെ പറ്റി പരാതിയുയർന്നിരുന്നില്ലെങ്കിൽ സി.പി.ഐ ആസ്ഥാനത്തെ പഴയ എം.എൻ പ്രതിമയുടെയും വിധി അതുതന്നെ ആയേനെ. എന്നാൽ വിമർശനം അതിജീവനത്തിന് തുണയായി. എം.എൻ
പ്രതിമ ഇനിയും ഒരു വിളക്ക് മരം പോലെ സി.പി.ഐ ആസ്ഥാന മന്ദിരത്തിന് മുന്നിൽ ചരിത്രത്തിൻെറ പ്രകാശം പരത്തും.