KeralaTop News

ക്രൈസ്തവ പുരോഹിതർക്കൊപ്പം പാണക്കാട് തങ്ങൾ കേക്ക് മുറിച്ചു, മുസ്ലിം ധർമ ശാസ്ത്രത്തിന് വിരുദ്ധമെന്ന് സമസ്ത നേതാവ്

Spread the love

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനാണ് വിമർശനം. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ ശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് വിമർശനം.

സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചിരുന്നതിനെയാണ് വിമർശിച്ചത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണ്. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വർഗീസ് ചക്കാലക്കലുമൊത്ത് തങ്ങൾ കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ജമാഅത്ത് ഇസ്ലാമിയെയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിക്കുന്നുണ്ട്. പിഎംഎ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിയതിനു പിന്നിലും ചരട് വലിച്ചത് ജമാഅത്തെ ഇസ്ലാമിയെന്നാണ് കുറ്റപ്പെടുത്തൽ. സമസ്തയിൽ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി. മുസ്ലീംലീഗിനും സമസ്തക്കും ഇടയിൽ ജമാഅത്തെ ഇസ്ലാമി വിള്ളലുണ്ടാക്കിയെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചു.