KeralaTop News

കേരളത്തിലെ റോഡ് വികസനം; ‘കത്ത് ലഭിച്ചാലുടൻ 20,000 കോടി രൂപ അനുവദിക്കും’; കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി

Spread the love

കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. കത്ത് നൽകാൻ മുഖ്യമന്ത്രിയോട് പറയാൻ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനോട് ഗഡ്‍കരി ആവശ്യപ്പെട്ടു.

‘കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകാൻ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീർണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാൻ റോഡ് നിർമാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം . മണൽ ഉൾപ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. റോഡ് വികസനത്തിന് പണം നൽകാൻ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ജിഎസ്ടി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മാതൃകപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും പ്രധാനഘടമാണെന്ന് മന്ത്രി പറഞ്ഞു. കശ്മീർ-കന്യാകുമാരി പാത പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജല​ഗതാ​ഗതത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റബറൈസ്ഡ് റോഡുകളുടെ സാധ്യത കേന്ദ്രം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പരീക്ഷണം നാ​ഗ്പുരിൽ നടത്തി. റബ്ബർ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോർട്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു.