KeralaTop News

മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

Spread the love

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.