KeralaTop News

എൻ. പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് നീട്ടി; കെ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

Spread the love

എൻ. പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സർവീസിൽ തിരിച്ചെടുത്തു. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകുകയാണ് എൻ. പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് കാണിച്ച് ചീഫ് സെക്രട്ടറി കത്തയച്ചു.

എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടുമ്പോൾ, കെ ഗോപാലകൃഷ്ണന് സർക്കാരിന്റെ തലോടലാണ്. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. കെ ഗോപാലകൃഷ്ണൻ കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകിയപ്പോൾ, എൻ പ്രശാന്ത് മറുപടി നൽകിയില്ലെന്ന് മാത്രമല്ല ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചു കത്തും നൽകി. സസ്പെൻഡ് ചെയ്തതിന്റെ കാരണം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ വേണമെന്നതാണ് ഒടുവിലത്തെ ആവശ്യം.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എൻ. പ്രശാന്തിന്റെ ആവശ്യത്തിന് കത്തിലൂടെ മറുപടി നൽകി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് കത്തിലെ താക്കീത്. അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് ഏത് രേഖകളും പരിശോധിക്കാം. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാനുള്ള സമയം 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്.