ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ, മകരവിളക്ക് മഹോത്സവത്തിന് സജ്ജം
ഈ വർഷത്തെ മണ്ഡല – മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവത്തിന് അഞ്ച് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.
പൊലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട്ട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.
അതേസമയം ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് നിർവഹിച്ചു. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലൻസ് സ്ഥാപിച്ചിരിക്കുന്നത്.