NationalTop News

വടികളും ഇരുമ്പ് കമ്പികളുമായി ഏറ്റുമുട്ടി വിദ്യാർത്ഥികൾ, ലൈംഗിക അതിക്രമത്തിൽ ഒടുവിൽ രാജി പ്രഖ്യാപിച്ച് പ്രൊഫസർ

Spread the love

ദില്ലി: പ്രായപൂർത്തിയാകാത്ത് വിദ്യാർത്ഥിനിക്ക് നേരെ ജോയിന്റ് ഡീനിന്റെ ലൈംഗിക അതിക്രമം. ക്യാംപസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. തമ്മിൽ ഏറ്റും മുട്ടി എബിവിപി, എസ്എഫ്ഐ പ്രവർത്തകർ. പിന്നാലെ രാജി പ്രഖ്യാപിച്ച് ജോയിന്റ് ഡീൻ പദവി രാജി വച്ച് പ്രൊഫസർ. ദില്ലി സർവ്വകലാശാലയിലെ രാംജാസ് കോളേജിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. വടികളും ഇരുമ്പ് കമ്പികളുമായി വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് അക്രമം തുടങ്ങിയതിന് പിന്നാലെയാണ് പ്രൊഫസർ രാജിവച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് പ്രൊഫസറിനെതിരെ വിദ്യാർത്ഥിനി പരാതിപ്പെട്ടതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രൊഫസറിനെതിരെ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും എസ്എഫ്ഐയും പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. അതേസമയം ക്യാംപസിനുള്ളിൽ അക്രമം നടത്തിയത് ആയുധങ്ങളുമായി എത്തിയ അജ്ഞാതരാണെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്.

ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കോളേജ് പ്രിൻസിപ്പൽ അജയ് അറോറ വിശദമാക്കുന്നത്. പ്രൊഫസറുടെ രാജി ആവശ്യപ്പെട്ട് ധർണ നടത്തുകയായിരുന്നു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ അംഗങ്ങൾക്കാണ് ബുധനാഴ്ച മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡീനിനെ മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. എന്നാൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ് അക്രമം ആരംഭിച്ചതെന്നും എബിവിപി പ്രവർത്തകരാണ് ആയുധങ്ങളുമായി വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതെന്നുമുള്ള പഴി ചാരലാണ് വിദ്യാർത്ഥി സംഘടനകൾ നടത്തുന്നത്.

അക്രമികൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നാണ് എസ്എഫ്ഐ സെക്രട്ടറി ഐഷി ഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രൊഫസർ അധികാരികളുടെ സംരക്ഷണത്തിലാണ് ഉള്ളതെന്നുമാണ് ഐഷി ഘോഷ് ആരോപിച്ചത്. 2021ലും ഇതേ അധ്യാപകനെതിരെ സമാന രീതിയിലെ പരാതി ഉയർന്നതായാണ് എസ്എഫ്ഐ ആരോപിക്കുന്നത്.