KeralaTop News

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

Spread the love

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മുൻകൂര്‍ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, മുൻകൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

എം.എസ് സൊലൂഷൻസ് മാത്രമല്ല ചോദ്യങ്ങൾ പ്രവചിച്ചതെന്നും, മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നതുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതു സംബന്ധിച്ച അധിക റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ചോദ്യപേപ്പർ ചോർച്ചയിൽ ഗൂഢാലോചയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേ സമയം മറ്റൊരു ഓൺലൈൻ സ്ഥാപനത്തിലെ അധ്യാപകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെടുത്തതെന്നും അതിന് കസ്റ്റഡി ആവശ്യമില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.