26 വർഷത്തിന് ശേഷം കലാകിരീടം; തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. 26 വര്‍ഷത്തിനു ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിൽ ആഹ്ളാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കിയത്.ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.
1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി.