മകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുനഃക്രമീകരിച്ചു.സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നേരത്തെ 1 മണി വരെയായിരുന്നു പ്രവേശന സമയം.
അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയായി തുടങ്ങും. കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. 13,14 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.
വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേർക്കും മാത്രം സ്പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാനും പ്രത്യേക ക്രമീകരണം. 15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ 6 മണിക്ക് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. 15 ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.