KeralaTop News

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

Spread the love

തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമിനുള്ള സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 965 പോയിൻ്റുമായി തൃശൂരാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 961 പോയിൻ്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. 959 പോയിൻ്റുമായി കോഴിക്കോടും തൊട്ട് പിന്നിലുണ്ട്.

സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 166 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുരുകുലത്തിന് എതിരാളികൾ ഇല്ല. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കാർമൽ ഹയർസെക്കൻഡറി സ്കൂൾ വഴുതക്കാടിന് 116 പോയിൻ്റ് ആണുള്ളത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂർത്തിയാകുമെന്നും അപ്പീലുകൾ 3.30ന് മുൻപു തീർപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നടൻമാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണ് സമാപാന സമ്മേളനത്തിലെ മുഖ്യാതിഥികൾ. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.