KeralaTop News

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം: ഹൈക്കോടതി

Spread the love

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം തന്നെയെന്ന് കോടതി വ്യക്തമാക്കി. മികച്ച ബോഡി സ്ട്രക്ച്വര്‍ എന്ന കമന്റില്‍ ലൈംഗിക ചുവയില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇത് തനിക്ക് ലൈംഗികാതിക്രമമായി തോന്നിയെന്ന പരാതിക്കാരിയ്ക്ക് അനുകൂലമായി കോടതി വിധി പറയുകയായിരുന്നു.

തന്നോട് ഇയാള്‍ മുന്‍പും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ചും പല നമ്പരുകളില്‍ നിന്നായി ലൈംഗികചുവയുള്ള മെസേജുകളില്‍ അയയ്ക്കുന്നത് തുടര്‍ന്നു. കെഎസ്ഇബി വിജിലന്‍സ് ഓഫിസര്‍ക്ക് ഉള്‍പ്പെടെ താന്‍ പരാതി നല്‍കിയിട്ടും ഇയാള്‍ ഈ പെരുമാറ്റം നിര്‍ത്താന്‍ തയാറായില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീനാണ് ആര്‍ രാമചന്ദ്രന്‍നായരുടെ ഹര്‍ജി പരിഗണിച്ചത്.