KeralaTop News

‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ

Spread the love

ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും. ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കും. നിരവധി ലോഞ്ചിങ് പരിപാടികളുമുണ്ടെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. എല്ലാത്തിനും പ്രധാനമന്ത്രി അം​ഗീകാരം നൽകികഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണെന്ന് ഡോ. വി നാരായണൻ പറഞ്ഞു. നിലവിലെ ചെയർമാൻ എസ് സോമനാഥ് മികച്ച വ്യക്തിയാണ്. നാളത്തെ സാറ്റലൈറ്റ് ഡോക്കിംഗ് ചന്ദ്രയാൻ 4 ന് മുതൽക്കൂട്ടാകുമെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. 2040 വരെയുള്ള വിഷൻ ഐഎസ്ആർഒ തയാറാക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഡോ വി നാരായണൻ ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വിക്ഷേപണ ദൗത്യങ്ങിൽ ഇസ്രോയുടെ നെടന്തൂണായി നിൽക്കുന്ന വലിയമലയിലെ എൽ.പി.എസ്.സി സെന്ററിന്റെ തലപ്പത്ത് നിന്നാണ് വി.നാരായണൻ , രാജ്യത്തിൻെറ ബഹിരാകാശ ദൗത്യങ്ങളുടെ മുഴുവൻ നായകനാകുന്നത്. 41 വർഷമായി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി തുടരുകയാണ്. ഏഴ് വർഷമായി എൽ പി എസ് സി ഡയറക്ടറാണ്. സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു.

കസ്തൂരി രംഗൻ, ജി.മാധവൻ നായ‍ർ, കെ.രാധാകൃഷ്ണൻ ,എസ്.സോമനാഥ് തുടങ്ങിയ ഇസ്രോയെ അഭിമാനകരമായി നയിച്ച പാരമ്പര്യത്തിൻെറ മലയാള തുടർച്ചയാണ് വി.നാരായണനും. ജനനം നാഗ‍‌ർകോവിലിലാണെങ്കിലും നാരായണൻ പഠിച്ചതും ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്.