Top NewsWorld

അനിത ആനന്ദ് കാനഡയുടെ പ്രധാനമന്ത്രിയാകുമോ? ലിബറൽ പാർട്ടിയുടെ പരിഗണനാ പട്ടികയിൽ ഈ ഇന്ത്യൻ വംശജ

Spread the love

57കാരിയായ അനിത കാനഡയിലെ ഗതാഗത-ആഭ്യന്തര വ്യാപാര മന്ത്രിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവർ നിരവധി ചുമതലകൾ കൈകാര്യം ചെയ്തിരുന്നു. പബ്ലിക് സർവീസസ് ആൻ്റ് പ്രൊക്യുർമെൻ്റ്, നാഷണൽ ഡിഫൻസ് വകുപ്പുകളുടെ മന്ത്രിയായും ട്രഷറി ബോർഡ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.

തമിഴ്നാട്-പഞ്ചാബ് പശ്ചാത്തലത്തിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളായ സരോജ ഡി റാമിൻ്റെയും എസ്‌വി ആനന്ദിൻ്റെയും മകളാണ്. നോവ സ്കോടിയയിലെ കെൻ്റ്‌വില്ലെയിലാണ് ഇവർ ജനിച്ചത്. ഗിത, സോണിയ എന്നിവർ സഹോദരങ്ങളാണ്. 1985 ൽ ഒൻടാറിയോയിലേക്ക് താമസം മാറിയ അനിത ക്വീൻസ് സർവകലാശാല,ഒക്സ്ഫോർഡ് സർവകലാശാല , ഡൽഹൗസി സർവകലാശാല, ടൊറൻ്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി.

കാലാവധി തീരാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതോടെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ് കാനഡ. ലിബറൽ പാർട്ടിക്കാണ് മേധാവിത്തം എന്നത് കൊണ്ട് ഇവരുടെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് രാജ്യത്തെ ഭരണസംവിധാനങ്ങൾ. ട്രൂഡോയുടെ പിൻഗാമികളായി പാർട്ടി പരിഗണിക്കുന്നവരിൽ പ്രമുഖയാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്.

കാനഡയെ നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന അനിതയാണ് കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തേക്കുള്ള വാക്സീൻ, രോഗപരിശോധന തുടങ്ങിയ കാര്യങ്ങളുടെ അവസാന വാക്കായിരുന്നത്.2021 ൽ പ്രതിരോധ മന്ത്രിയായ അവർ കനേഡിയൽ സായുധ സേനയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തു. റഷ്യ യുദ്ധത്തിൽ യുക്രൈനൊപ്പം നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.