പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടില്‍ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. ഇത് മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെനാണ് പ്രതിഭാഗത്തിന്റെ വാദം.
ക്രിസ്മസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് predicted questions എന്ന പേരില്‍ അടുത്ത ദിവസത്തെ പരീക്ഷ ചോദ്യങ്ങള്‍ എത്തിയതാണ് വിവാദമായത്. 40 മാര്‍ക്കിന്റെ പരീക്ഷയിലെ 36 മാര്‍ക്കിന്റെ ചോദ്യങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ട്യൂട്ടര്‍ പ്രവചിക്കുകയായിരുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലും പ്ലസ് വണ്ണിലെ കെമിസ്ട്രി ചോദ്യപേപ്പറിലുമാണ് ഇത്തരത്തില്‍ വലിയ സാദൃശ്യം വന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ട്യൂഷന്‍ എടുക്കുന്ന ലേര്‍ണിങ് പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. കാരണം പരീക്ഷ ചോദ്യങ്ങള്‍ പ്രവചിക്കുന്ന സ്വഭാവം എല്ലാവര്‍ക്കും ഉണ്ട് എന്നത് തന്നെ.
എം എസ് സൊല്യൂഷന്റേത് കൂടാതെ മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ശുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണുകളും അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയും കൂടാതെ അത് ഫോറന്‍സിക് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് പരാതിപ്പെടുന്നു. ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും മറ്റു പ്ലാറ്റ്‌ഫോമുകള്‍ പ്രവചിച്ച ചോദ്യങ്ങളാണ് കൂടുതല്‍ വന്നിട്ടുള്ളത് എന്നും ഷുഹൈബ് ആവര്‍ത്തിച്ചു പറയുന്നുണ്ട്.
ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ രംഗത്ത് നിലനില്‍ക്കുന്ന കടുത്ത മത്സരത്തിന്റെ തെളിവുകളാണ് ഈ വിവാദത്തിലൂടെ കൂടുതലായി പുറത്തുവരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ ടെലിവിഷന്‍ ചാനലായ വിക്‌റ്റേസ് ആണ് കോവിഡ് കാലത്ത് കുട്ടികളെ ആദ്യമായി ഓണ്‍ലൈന്‍ പഠനമുറികളിലേക്ക് എത്തിക്കുന്നത്. അതാത് വിഷയങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിക്‌റ്റേസിന്റെ വിഷ്വല്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവമായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കഴിഞ്ഞതോടെ സ്‌കൂള്‍ തുറക്കുകയും വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു. ഈ ശൂന്യതയിലേക്കാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ എത്തുന്നത്.
ഇവര്‍ തമ്മിലുള്ള മത്സരം വിദ്യാഭ്യാസ പ്രക്രിയയെയും കൂടുതല്‍ മത്സാരാധിഷ്ഠിതമാക്കി മാറ്റി. പോര്‍ഷന്‍സ് തീര്‍ക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ ഒരു അധ്യയന വര്‍ഷം മുഴുവന്‍ ഓടിത്തീര്‍ക്കുന്നത്. ക്ലാസ് എടുക്കുന്നത് കൂടാതെ മറ്റു ചുമതലകളും അവര്‍ക്ക് ഉള്ളതുകൊണ്ട് എല്ലാം പഠിപ്പിച്ചു തീര്‍ക്കുക എന്നത് പ്രയാസമായി തീരുന്നു. ഇത് കുട്ടികളെ സാരമായി ബാധിക്കുന്നതായി വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ഈ പ്രതിസന്ധിയെ മുതലെടുത്തുകൊണ്ടാണ് സ്വകാര്യ ലേര്‍ണിംഗ് പ്ലാറ്റുഫോമുകള്‍ വളരുന്നത്. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ പറയുന്ന predicted question മാത്രം ആശ്രയിച്ച് മുന്നോട് പോകുന്ന കുട്ടികള്‍ പിന്നീട് അവര്‍ ജീവിതത്തില്‍ നേരിടുന്ന competative എക്‌സാമുകളില്‍ പരാജയപ്പെട്ടേക്കാം. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ ഒരിക്കലും സ്ഥായിയായി ആശ്രയിക്കാവുന്ന സംവിധാനമല്ല. കുട്ടികളെ കിട്ടാനും അതില്‍ നിന്ന് ലാഭം നേടാനുമുള്ള ഒരു ബിസിനസ് തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍. കുട്ടികള്‍ അതിന്റെ ചതിയില്‍ പെടുന്നു – വിക്ടേഴ്‌സ് അധ്യാപകന്‍ ഷാനോജ് പറയുന്നു.