KeralaTop News

പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Spread the love

യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍. പാണക്കാടെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങള്‍ പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ കാര്യങ്ങള്‍ യുഡിഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങളില്‍ യുഡിഫിനു എതിര്‍പ്പില്ല. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെ. വനനിയമ ഭേദഗതി ബില്‍ സങ്കീര്‍ണ്ണമാണ്. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്ന കാര്യമാണ് യുഡിഎഫ് ഭരണത്തില്‍ വരണമെന്നത്. അധികാരത്തില്‍ വരാനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള എല്ലാ ഘടകങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത ഇലക്ഷനില്‍ യുഡിഎഫിന് ശക്തിപ്പെടേണ്ടതുണ്ട് അതിനു വേണ്ട കാര്യങ്ങള്‍ എല്ലാം യുഡിഎഫ് ചെയ്യും – അദ്ദേഹം വിശദമാക്കി.

പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയാണെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തളരുന്നവരെ സഹായിക്കുന്നവരാണ്.മലയോര മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ധാര്‍മിക പിന്തുണ ആവശ്യപ്പെട്ടു. പിന്തുണയും സഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു. വിഷയത്തില്‍ കൂടെ നില്‍ക്കാന്‍ അദ്ദേഹം ഉണ്ടാകും എന്ന് അറിയിച്ചു. യുഡിഎഫ് പ്രവേശന ചര്‍ച്ച ചെയ്തില്ല – അന്‍വര്‍ വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹത്തിന്റെ വസതിയിലെത്തി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പ്രധാനമാണ്. ആ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയായത്. യുഡിഎഫില്‍ അന്‍വര്‍ ചേരുന്നത് നേതൃത്വം തീരുമാനിക്കും. ജനപ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മുന്നണിയാണ് യുഡിഎഫ്. യുഡിഎഫ് മുന്നണിയില്‍ വരണമെന്ന് അന്‍വറിന്റെ പ്രതീക്ഷയില്‍ തെറ്റില്ല – കുഞ്ഞാലിക്കുട്ടി വിശദമാക്കി.