KeralaTop News

താൻ സൈബർ അറ്റാക്കിന്റെ വലിയ ഇര, കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവർ’; നിയമപോരാട്ടത്തിനുറച്ച് ഹണി റോസ്

Spread the love

സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ ഏതറ്റം വരെയും പോരാടുമെന്ന് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താരം പൊലീസിൽ പരാതി നൽകി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസിന് കൈമാറി. ബോബി ചെമ്മണ്ണൂർ തുടർച്ചയായി അധിക്ഷേപിച്ചെന്ന് താരം ചൂണ്ടിക്കാട്ടി.

സൈബർ അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവർ പറഞ്ഞു. കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. നടിക്കെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസും സൂചിപ്പിച്ചു.

ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം നൽകി. വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസ് പ്രതികരിച്ചത്.

അതേസമയം ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് മോശം കമ്മന്റ് ഇട്ട 30 പേർക്കെതിരായാണ് കേസ്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു.20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പല കമന്റുകളും വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. അന്വേഷണത്തിന് വെല്ലുവിളിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

ഇതിനിടെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായി മൊഴി നൽകി. തനിക്കെതിരെ മോശം കമന്റ്‌ ഇട്ടവരുടെ സ്ക്രീൻഷോട്ടുകളും പോലീസിന് കൈമാറി.
നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഷാജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.