KeralaTop News

‘വന നിയമ ഭേദഗതി ബിൽ അപകടകരം; പ്രതിപക്ഷം ഇടപെടണം; കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ല’; പിവി അൻവർ

Spread the love

വളരെ അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ എംഎൽഎ. ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്നും പിവി അൻവർ പറഞ്ഞു. മനുഷ്യരെ കുടിയിറക്കാൻ അന്താരാഷ്ട്ര ലോബി ഗൂഢാലോചന നടക്കുന്നു. വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണെന്ന് പിവി അൻവർ ആരോപിച്ചു.

വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണ് വനനിയമ ഭേദഗതിയെന്ന് പിവി അൻവർ. വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ഇടപെടണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ ചോദിച്ചു. വനം മന്ത്രിയ്ക്കെതിരെ പിവി അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. മണി മരിച്ചിട്ട് തിരിഞ്ഞു എകെ ശശീന്ദ്രൻ നോക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശശീന്ദ്രൻ്റെ സംഭാവന എന്താണെന്ന് ചോദിച്ച അദ്ദേഹം കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ബില്ലിൽ ഒപ്പിടാൻ ഉള്ളതുകൊണ്ടാണ് എൻ.സി.പി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ മാറ്റാത്തതെന്ന് അൻവർ പറഞ്ഞു. പകരം വരുന്ന തോമസ് കെ തോമസ് വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. ഒപ്പിട്ടാൽ സഭ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകൾ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാണെന്ന് പിവി അൻവർ ആരോപിച്ചു. വന്യമൃഗ ശല്യത്തിൽ ഏറ്റവും വലയുന്നത് ക്രിസ്ത്യൻ സമൂഹമാണ്. ക്രൈസ്തവ സഭ, ബില്ലിന്ന് എതിരാണ്. അതുകൊണ്ടാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകാത്തതെന്ന് പിവി അൻവർ പറഞ്ഞു.

2026 ൽ യുഡിഎഫ് അധികാരത്തിൽ വരണം. ഈ വിഷയത്തിന് പരിഹാരമുണ്ടാകണം. എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് പിവി അൻവർ വ്യക്തമാക്കി. ആദിവാസി, ദളിത് മേഖലയിൽ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കണം. എൽ.ഡി.എഫ് സർക്കാർ അവരെ തിരിഞ്ഞു നോക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ കാണും. പിന്തുണ നൽകിയതിന് നന്ദി പറയണം. നന്ദികേട് താൻ കാണിക്കില്ല. തന്റെ സാന്നിധ്യം ആവശ്യമുണ്ടോയെന്ന് യുഡിഎഫ് ഇനി തീരുമാനിക്കട്ടെയെന്ന് പിവി അൻവർ പറഞ്ഞു.