NationalTop News

പച്ചക്കറി വേസ്റ്റ് ഇടുന്ന സ്ഥലം കുഴിച്ചപ്പോള്‍ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം; പുഷ്പവൃഷ്ടിയുമായി ആളുകളുടെ ഒഴുക്ക്

Spread the love

ബിഹാറിൽ ചന്തയില്‍ പച്ചക്കറി വേസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്തരുടെ പ്രവാഹം. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റിയാണ് 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഒരു പുരാതന ശിവലിംഗവും ഒരുപോലെയുള്ള രണ്ടു കാല്‍പ്പാദങ്ങളും കണ്ടെത്തിയത്. സംഭവമറിഞ്ഞ് ആദ്യം വന്നവര്‍ അവശിഷ്ടങ്ങളും മാലിന്യങ്ങളുമെല്ലാം നീക്കി വൃത്തിയാക്കിയതോടെ ഇവിടം ഇപ്പോള്‍ ഒരു ആത്മീയകേന്ദ്രമായി മാറിയിട്ടുണ്ട്.

ഭക്തര്‍ ഇവിടേയ്ക്ക് പുഷ്പങ്ങളും പൂജാവസ്തുക്കളുമായി എത്തുകയും പൂജയും വഴിപാടും മറ്റും നടത്തുകയുമാണ്. ക്ഷേത്രത്തിന്റെ ഭിത്തികളില്‍ നിന്ന് വെള്ളം നിഗൂഢമായി ഒലിച്ചിറങ്ങുന്ന പ്രത്യേക ലോഹ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രം എന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.

ഒരിക്കല്‍ സന്യാസിമഠമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഇടത്ത് കണ്ടെത്തിയ ചരിത്രാവശിഷ്ടം ആത്മീയതയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശവാസികളില്‍ വലിയ കൗതുകവും ഭക്തിയും നിറച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പുഷ്പവും പൂജാവസ്തുക്കളുമായി അനേകരാണ് എത്തുന്നത്.

മാലിന്യക്കൂമ്പാരമായിരുന്നിടം ഇപ്പോള്‍ ആരാധനാലയമാക്കി മാറ്റി. പതിനഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് വിദഗ്ധര്‍ കരുതുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ കണ്ടെത്തല്‍ വൈറലായതു മുതല്‍ നിരവധി ആളുകള്‍ നേരിട്ട് കാണാനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനും ഒക്കെയായി എത്തുകയാണ്.

ഭക്തര്‍ സംഭവസ്ഥലത്തെത്തി പൂക്കളും പാലും മധുരപലഹാരങ്ങളും അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖനനം മുഴുവനും പൂര്‍ത്തിയാകുന്നതിന് മുമ്പ് ചിലര്‍ ചെറിയ ക്ഷേത്രം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആളുകള്‍ ക്ഷേത്രത്തില്‍ മതപരമായ ആചാരങ്ങളും നടത്താന്‍ തുടങ്ങിയിട്ടുണ്ട്.