technologyTop News

ISRO ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇല വിരിഞ്ഞു

Spread the love

സ്പേഡെക്സ് ദൗത്യത്തിനൊപ്പം ഇസ്രൊ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകളിൽ ഇലകൾ വിരിഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഇത് വലിയൊരു നേട്ടമാണ്. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ ഈ പരീക്ഷണം. ഈ സന്തോഷവാർത്ത ഇസ്രൊ എക്സിലൂടെയാണ് അറിയിച്ചത്. ഇസ്രൊയുടെയും 140ലേറെ കോടി വരുന്ന ഇന്ത്യക്കാരുടെയും പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് ക്രോപ്‌സ് പേലോഡിലെ പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു എന്നാണ് ഇന്ന് ഐഎസ്ആര്‍ഒയുടെ പുതിയ അറിയിപ്പ്.

പിഎസ്‌എൽവി-C60 മിഷന്‍റെ POEM-4 പ്ലാറ്റ്‌ഫോമിലാണ് പരീക്ഷണം നടത്തിയത്. ഡിസംബർ 30ന് ഇന്ത്യയുടെ ആദ്യ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യത്തിനായാണ് പിഎസ്‌എൽവി സി60 റോക്കറ്റ് വിക്ഷേപിക്കുന്നത്. റോക്കറ്റിലെ ഓര്‍ബിറ്റല്‍ എക്‌സ്‌പിരിമെന്‍റല്‍ മൊഡ്യൂള്‍ അഥവാ പോയം-4ല്‍ ഘടിപ്പിച്ചിരുന്ന പേലോഡുകളില്‍ ഒന്നിലായിരുന്നു എട്ട് പയര്‍വിത്തുകളുണ്ടായിരുന്നത്.

ബഹിരാകാശത്തേക്ക് പയർവിത്തുകൾ അയച്ച് നാലാംദിനം ഈ വിത്തുകള്‍ മുളച്ചതായിയുള്ള വാര്‍ത്ത ഇസ്രൊ അറിയിച്ചിരുന്നു . ഇവയ്ക്ക് ഇലകള്‍ ഉടന്‍ വിരിയുമെന്ന പ്രതീക്ഷയും അന്ന് ഇസ്രൊ ട്വീറ്റിലൂടെ പങ്കുവെച്ചു. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് ഈ ക്രോപ്‌സ് പേലോഡ് നിര്‍മിച്ചത്. പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഉപയോഗിക്കുന്ന ഹൈ-റെസലൂഷന്‍ ക്യാമറയാണ് ഇലകള്‍ വിരിഞ്ഞ പയര്‍വിത്തുകളുടെ ചിത്രം പകര്‍ത്തിയത്.