ചെന്നൈയിലും HMPV; തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്ക് രോഗബാധ
ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
സെമ്പിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒരു കുട്ടി ചികിത്സയിലുള്ളത്. പനി, ജലദോഷം, ചുമ തുടങ്ങി സാധാരണ ന്യുമോണിയയുടെ ലക്ഷണങ്ങളാണ് കുട്ടിയ്ക്കുള്ളതെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ഗുണ്ടിയിലെ സ്വകാര്യ പീഡിയാട്രിക് ആശുപത്രിയിലാണ് രണ്ടാമത്തെ കുട്ടി ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന എച്ച്എംപിവി വൈറസ് വകഭേദം തന്നെയാണോ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
ചെന്നൈയിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നിലവില്‍ രാജ്യത്താകെ അഞ്ച് എച്ച്എംപിവി വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍.
രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി രോഗം ബാധിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും മുന്‍പ് തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.