NationalTop News

HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്

Spread the love

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോ​ഗബാധ.

അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ പരിശോധന നടത്തും. ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക ആരോഗ്യവകുപ്പ്. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആയി എത്തുന്നവരെ HMPV ടെസ്റ്റ്‌ നടത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഉള്ള ശ്രമം തുടരുന്നതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ചൈനയിലെ ഹ്യുമൻ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങൾ.

രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടർന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ‌എച്ച്എംപിവി രോഗം ബാധിച്ച രണ്ട് പേർക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയിലുൾപ്പെടെ മിക്ക രാജ്യങ്ങളിലും മുൻപ് തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.