പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ. ശിക്ഷാവിധിക്ക് പിന്നാലെ പീതാംബരന്റെ അമ്മയെ ആശ്വസിപ്പിക്കാൻ എത്തിയതാണ് സിപിഐഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സംഘമാണ് വീട്ടിലെത്തിയത്.
അമ്മയെ ജില്ലാ സെക്രട്ടറി ആശ്വസിപ്പിക്കുന്ന ചിത്രം ലഭിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നേതാക്കളുടെ സന്ദർശനം.
പെരിയ കേസിലെ കുറ്റവാളികളെ സിപിഐഎം നേതാവ് പി ജയരാജൻ ജയിലിലെത്തി കണ്ടതിൽ പ്രതിഷേധം ശക്തമാകുന്നുന്നതിടയാണ് നേതാക്കളുടെ സന്ദർശനം. ഇതിനിടെ പി ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പുറത്താക്കിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ച് പ്രതികളെയാണ് പി ജയരാജൻ സന്ദർശിച്ചത്. പ്രതികൾക്ക് ജയിലിൽ സ്വീകരണം നൽകിയതും വിവാദമാവുകയാണ്.
അതേസമയം മക്കളെ കൊന്ന കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പെരിയയിലെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ. കണ്ണൂർ സെൻട്രൽ ജയിൽ സിപിഐഎം ക്രിമിനലുകളുടെ സുഖവാസ കേന്ദ്രമാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായൺ പറഞ്ഞു. കേസിൽ തെളിവ് നശിപ്പിക്കാൻ പോലീസ് കൂട്ട് നിന്നുവെന്നും, തുടരന്വേഷണം വേണമെന്നും സത്യനാരായണൻ ആവശ്യപ്പെട്ടു.കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ പറഞ്ഞു.