ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും
ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
വാര്‍ത്ത കുറിപ്പ് ഇങ്ങനെ:
ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രി കൂടിയായ ‘ കുമാരി ഹണിറോസിനെ’ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇതിനാല്‍ അപലപിച്ചുകൊള്ളുന്നു.
അതോടൊപ്പംതന്നെ പ്രസ്തുത വിഷയത്തില്‍ ‘കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും ‘അമ്മ’ സംഘടന പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കില്‍ വേണ്ടുന്ന എല്ലാവിധ നിയമസഹായം നല്‍കുവാന്‍ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
അതേസമയം, എല്ലാ സ്ത്രീകള്‍ക്കും വേണ്ടി താന്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ് ഇന്ന് സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പോരാടുമെന്ന് നടി വ്യക്തമാക്കി. അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താന്‍ ധരിച്ചിട്ടില്ലെന്നും ചിലര്‍ ചിന്തകള്‍ക്ക് അനുസരിച്ച് സ്വയം നിയമസംഹിത ഉണ്ടാക്കുന്നുവെന്നും ഹണി റോസ് പറയുന്നു. പരാമര്‍ശങ്ങള്‍ക്ക് ന്യായമായ നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നതായി താരം ഫേ്‌സബുക്കില്‍ കുറിച്ചു.