KeralaTop News

മുനമ്പം ജനതയുടെ റിലേ നിരാഹര സമരം 86-ാം ദിനത്തിലേക്ക്; ഇന്ന് 27 കിലോമീറ്റർ ദൂരത്തിൽ മനുഷ്യചങ്ങല തീർക്കും

Spread the love

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് വൈപ്പിൻ ബീച്ച് മുതൽ മുനമ്പം വരെ 27 കിലോമീറ്റർ ദൂരത്തിൽ മനുഷ്യചങ്ങല തീർക്കും.

വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ മനുഷ്യചങ്ങലയിൽ പങ്കാളികളാകും. വൈപ്പിൻകരയിലെ എല്ലാ ഇടവകയിൽ നിന്നുമുള്ള 25,000 പേർ മനുഷ്യചങ്ങലയിൽ അണിനിരക്കും. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കാതെ പ്രശ്‌നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു.

മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജനുവരിയിൽ ഹിയറിങ് ആരംഭിക്കുമെന്ന് വ്യക്തമായിരുന്നു. കക്ഷികൾക്ക് കമ്മിഷൻ നോട്ടിസ് അയയ്ക്കുകയു ചെയ്തിരുന്നു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ ചെയർമാനായ ജുഡീഷ്യൽ കമ്മിഷൻ വഖഫ് ബോർഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികൾ എന്നിവരോടാണ് നിലപാട് അറിയിക്കാൻ കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ഫെബ്രുവരിയിൽ സിറ്റിംഗ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നും കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.