ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി
ബഹിരാകാശത്തും പയർ വിത്ത് മുളയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. ബഹിരാകാശത്തെത്തി നാലാം ദിവസം ആണ് വിത്തുകൾ മുളച്ചത്. ഇത് സംബന്ധിച്ച വിവരം ISRO തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്
മൈക്രോ ഗ്രാവിറ്റിയിൽ സസ്യവളർച്ച പഠിക്കാൻ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ് സി ) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിന്റെ (ക്രോപ്സ്) ഭാഗമായിട്ടായിരുന്നു പരീക്ഷണം . മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നത് എങ്ങനെ എന്നും , സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സംവിധാനമാണ് ക്രോപ്സ്.
എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയായിരുന്നു ലക്ഷ്യം. മുളപൊട്ടിയ വിത്തുകളില്‍ ഉടന്‍ തന്നെ ഇലകള്‍ തളിരിടുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിക്കുന്നത്. ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ആധുനികസാങ്കേതിക വിദ്യകൾ ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിട്ടുണ്ട്.