ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞു; ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും
ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്. സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോർഡർ ഗാവസ്ക്കർ ട്രോഫി നേടുന്നത് 2016-17 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കും ഓസ്ട്രേലിയ മുന്നേറി.
കഴിഞ്ഞ രണ്ട് എഡീഷനലും ഇന്ത്യ ഫൈനൽ കളിച്ചിരുന്നു. മൂന്നാം ഫൈനൽ എന്ന ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞു. നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ആദ്യ ടെസ്റ്റിൽ അവിസ്മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ തോൽപിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റിൽ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ കുടുക്കാൻ ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ഏക മാർഗം. എന്നാൽ പരുക്കേറ്റ് ബുമ്ര പുറത്തേക്ക് പോയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി. കേവലം 16 ഓവറിലാണ് ഓസീസ് 162 റൺസ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്.