കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിൽ, വിവാദ പ്രസ്താവനയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്
രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനം ആയ കുംഭ മേള നടക്കുന്ന സ്ഥലം വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് ഇത് സൗജന്യമായി നൽകിയതാണെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി അവകാശപ്പെടുന്ന വീഡിയോ സന്ദേശം വിവാദമായിരിക്കുകയാണ്. പ്രസ്താനവയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഹിന്ദു നേതാക്കൾ രംഗത്ത് എത്തി. ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് മൗലാനയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. മൗലാനയെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നയാളാണെന്നും ഭീകര ചിന്താഗതിയുള്ളവനാണെന്നും സ്വാമി ആരോപിച്ചു.
മഹാ കുംഭം അലങ്കോലപ്പെടുത്താനാണ് ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പൊലീസ് അന്വേഷണം വേണമെന്നും സ്വാമി സ്വാമി ചക്രപാണി മഹാരാജ് വ്യക്തമാക്കി. മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവിയുടെ പരാമർശങ്ങൾ പ്രദേശത്ത് മതപരമായ പിരിമുറുക്കം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം സമുദായത്തിൻറെ വിശാല മനസ് കാരണമാണ് കുംഭമേളയ്ക്ക് വഖഫ് ഭൂമി നൽകിയത് എന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞിരുന്നു. എന്നാൽ ചില ഹിന്ദു സംഘടനകൾ കുംഭമേളയിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത് അനീതിയാണെ് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭ മേളയിൽ മുസ്‌ലിംകളെ പ്രവേശിക്കാൻ അനുവദിക്കണമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
2022 രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് എന്ന് സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആയ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ഇതിന് മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. സി എ എ മുസ്ലിങ്ങൾക്ക് എതിരല്ല എന്നും മോദിയും യോഗിയും അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കും എന്നദ്ദേഹം പറഞ്ഞു. നിർമ്മാണം ആരംഭിക്കാൻ ഇരിക്കുന്ന അയോധ്യ മുസ്ലിം പള്ളിയുടെ തറക്കല്ല ഇടേണ്ടത് സൗദിയിലെ മെക്ക ഇമാം അല്ല പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്ന് മൗലാന പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെയും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.