Tuesday, January 7, 2025
HealthTop News

ഒരു സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ് ; പഠന റിപ്പോർട്ടുമായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ

Spread the love

പുകവലി ആരോഗ്യത്തിന് ഹാനികരം പുകവലി കാൻസറിന് കാരണമാകും ഇത്തരം മുന്നറിയിപ്പുകൾ സിഗരറ്റ് പാക്കറ്റുകളിൽ സ്ഥിരം കാണുന്നവയാണ്. എന്നാൽ ഇത് ആരും കാര്യമാക്കി എടുക്കാറില്ലയെന്നതാണ് യാഥാർഥ്യം. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ പുകവലി കാരണം മരണപ്പെടുകയും ഗുരുതരമായ രോഗങ്ങളാൽ വലയുകയും ചെയ്യുമ്പോഴും, ഉപേക്ഷിക്കാൻ പറ്റാത്ത ഒന്നായി പലരെയും ഈ ശീലം കീഴ്‌പ്പെടുത്തിയിട്ടുണ്ടാകും.

എന്നാൽ ഒരു സിഗരറ്റിൽ പുകഞ്ഞുപോകുന്നത് ആയുസിന്റെ 20 മിനിറ്റാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ [യുസിഎൽ] ഗവേഷകർ. ഒരു സിഗരറ്റ് വലിക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്‌ടമാകും, പുരുഷന്മാർക്ക് 17 മിനിറ്റും. എത്രയും വേഗം പുകവലി ഉപേക്ഷിക്കേണ്ട ആവശ്യകതയാണ് ഈ പഠനം വ്യക്തമാക്കുന്നത്. ദീർഘകാല ജനസംഖ്യാ ആരോഗ്യ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ പുകവലി ഉപേക്ഷിക്കുകയാണെങ്കിൽ എട്ട് ദിവസത്തിനുള്ളിൽ ഒരു ദിവസത്തെ ജീവിതം തിരിച്ചുപിടിക്കാൻ കഴിയും. ജനുവരിയിലാണ് പുകവലി നിർത്തുന്നതെങ്കിൽ വർഷാവസാനം 50 ശതമാനം ആയുസ് വീണ്ടെടുക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സിഗരറ്റ് വലിക്കുന്നതിലൂടെ ആയുസ് കുറയുന്നതിനപ്പുറം ആരോഗ്യകരമായ ജീവിതമാണ് നഷ്ട്ടപെടുന്നത്.

ഏത് പ്രായത്തിലാണെങ്കിലും പുകവലി നിർത്തിയാൽ ഉടൻ തന്നെ അതിന്റെ ഗുണങ്ങൾ ലഭിക്കും, ആരോഗ്യം ഗണ്യമായി മെച്ചപ്പെടുമെന്നും യുസിഎൽ ആൽക്കഹോൾ ആൻഡ് ടുബാക്കോ റിസർച്ച് ഗ്രൂപ്പിലെ പ്രിൻസിപ്പൽ റിസർച്ച് ഫെല്ലോ ഡോ. സാറാ ജാക്‌സൺ പറഞ്ഞു. മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകവലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കാനും സാധിക്കുമെന്നാണ് പഠനം.